Monday 15 April 2013

പ്രതിമകള്‍





















ഞാന്‍ സ്ത്രീ ...
കണ്ണുക്കെട്ടിയ പ്രതിമ...
നീതിയുടെ ദേവത...
ഒരു കയ്യിലെ ത്രാസ്സില്‍ അധികാരവും പണവും ചാഞ്ചാടുന്നു
സ്ത്രീകള്‍ കരയുന്നത് മാത്രമേ കൂടുതലായും കേട്ടിട്ടുള്ളൂ

സോണി സോറിയെ യോനിയില്‍ കല്ലുകള്‍ അടിച്ചുകയറ്റിയതിന്‍റെ
ബലാല്‍സംഗം ചെയ്തതിന്‍റെ കറന്റടിച്ചതിന്‍റെ നീറ്റല്‍ കേട്ടു
കേള്‍ക്കാനേ കഴിയൂ... കാണാന്‍ കഴിയില്ല...
കാഴ്ച്ച പുരുഷന്‍റെ അധികാര കരങ്ങളാല്‍ കെട്ടപ്പെട്ടിരിക്കുന്നു
സത്യം പറഞ്ഞ പത്രപ്രവര്‍ത്തകയെ
അഴികള്‍ക്കുള്ളില്‍ ആക്കിയവരുടെ ആരവം കേട്ടൂ
വംഗനാട്ടില്‍നിന്നെത്തിയ പിഞ്ചുബാലികയെ
കൊത്തിവലിച്ച കഴുകന്മാരുടെ ചിറകടികള്‍കേട്ടൂ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടിച്ചുവലിച്ച
ജനപ്രധിനിതികളുടെ ഹുംങ്കാരം കേട്ടൂ
പ്രതിമക്കു മിണ്ടാന്‍അധികാരം ഇല്ലല്ലോ

ക്രൂരമായി സ്ത്രീകളെ പീഡിപ്പിച്ചുക്കൊല്ലുന്നവരെ
തൂക്കിലേറ്റുമെന്നുറിഞ്ഞപ്പോള്‍ സന്തോഷം തോന്നി
എന്നാല്‍ തൂക്കുകയര്‍ വിധിക്കപ്പെട്ടത് 'ഗോവിന്ദചാമി'മാര്‍ക്ക് മാത്രം.
തൂക്കുകയറിനെ ജനം വരവേല്‍ക്കാന്‍വേണ്ടിയാണ്
'സ്ത്രീപീഡനം' വലിച്ചിഴക്കപ്പെട്ടതെന്നു തിരിച്ചറിയാന്‍ വൈകി
ഒന്‍പതാം ക്ലാസ്സുകാരിയെ നാല്‍പ്പതോളം
അധികാരകേന്ദ്രങ്ങള്‍കെട്ടിയിട്ട് ഭോഗിച്ചതിനെക്കുറിച്ച്
വിധി പറഞ്ഞ ന്യായാധിപന്‍: "അവള്‍പണം വാങ്ങി ശരീരം വില്ല്ക്കുന്നവള്‍"

ഞാന്‍ പ്രതിമ
പുരുഷന്‍റെ കരങ്ങളാല്‍ കാഴ്ച്ച മൂടിക്കെട്ടപ്പെട്ടവള്‍
പുരുഷന്‍റെ കാഴ്ചകള്‍ എന്‍റെതെന്നു കരുതുന്നവള്‍
പുരുഷാധികാരത്തിന്‍റെ ത്രാസ്സ് കയ്യിലേന്തിയ പ്രതിമ

...................................
*ആമി രൂപ്‌ ഷൈന * © Ami Roop Shyna


Tuesday 2 April 2013

രാത്രികളേ സ്വസ്വാഗതം

















ഇപ്പോഴൊക്കെ സ്നേഹിക്കുന്നത് രാത്രികളെയാണ്
നിലാപ്രഭയില്‍ മുങ്ങിനില്ക്കുന്ന ചന്ദ്രനെ കാണുന്നത് കൊണ്ടല്ല
വെട്ടിത്തിളങ്ങുന്ന മിന്നാമിനുങ്ങുകളെയും
നക്ഷത്രങ്ങളെയും കാണുന്നത് കൊണ്ടുമല്ല
ഒന്നുറങ്ങാനാണ്...
ഒന്നുമറിയാതെ ഒന്നുറങ്ങാന്‍...

പകൽ കാഴ്ചകൾ

അറത്തു മാറ്റപെട്ട കളിപ്പാട്ടമെടുക്കേണ്ട കുഞ്ഞുവിരലുകള്‍
ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മരിക്കുന്ന
പിഞ്ചോമനകളുടെ ചുടലകള്‍
ശൂലങ്ങളിൽ തറച്ച ഭ്രൂണങ്ങൾ
നിരപരാധികളെ തുറുങ്കിൽ അടക്കുന്ന നിയമങ്ങള്‍
നിരത്തിലൂടെ ഒഴുകുന്ന ജലം വറ്റിയ ശരീരങ്ങള്‍
മണിമാളികകള്‍ പണിയുന്നതിൽ തിരക്കിലെര്പ്പെട്ടവർ
ഭാര്യമാര്ക്ക്ട വേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നവർ
നികുതി പണം കൊള്ളയടിക്കുന്നവർ
കറുത്ത തോലിയുടെയും തലയില്‍ അണിഞ്ഞ തൊപ്പിയുടെയും പേരിൽ
തീവ്രവാദികള്‍ ആക്കപെട്ടവർ
ഇതെല്ലാം കാണാന്‍ വയ്യ
കാണുന്തോറും ശബ്ദം ഉയരുകയാണ്
ശരീരം ചലിക്കുകയാണ്
ഒന്ന്‍ മിണ്ടിയാല്‍,
ഇതിന്റെയെല്ലാം ഒന്ന്‍ നോക്കിയാല്‍
അപ്പോള്‍ അവര്‍ പറയും
തീവ്രവാദിയാണെന്ന്, രാജദ്രോഹിയാണെന്ന്
നിയമങ്ങള്‍ വിഴുങ്ങാന്‍ വരും
അവര്‍ ആജീവനാന്തം തുറുങ്കില്‍ അടക്കും
അല്ലെങ്കില്‍ വെടിവെച്ചുക്കൊല്ലും
അപ്പോള്‍ ''ജനം ''പറയും
“ഒരു രാജദ്രോഹി മരിച്ചെന്നു”

രാത്രികളേ സ്വസ്വാഗതം...


Monday 31 December 2012

ഞാന്‍ ആമി; മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടവള്‍.



















ഞാന്‍ ആമി.
29 - 12 - 2012 നു മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടവള്‍. 
എന്ത് കുറ്റമാണ് ഇതിനു മാത്രം ഞാന്‍ ചെയ്തത് എന്ന് ചോദിച്ചാല്‍ ആകെ പറയാനുള്ള ഉത്തരം കുറച്ചു സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഒരു സാംസ്കാരിക കൂട്ടായ്മ രൂപികരിക്കാന്‍ പോയതാണ്. 
അതിന്‍റെ  പേരില്‍ മാവേലിക്കര പോലീസില്‍ നിന്നും മൊത്തം 12 മണിക്കൂറിനും മുകളില്‍ ചോദ്യം ചെയ്യപ്പെട്ടവള്‍.

ഈ കഴിഞ്ഞ 29 - 12 - 2012 നു ഉച്ചക്ക് 12 മണിയോട് കൂടി ഒരു സാംസ്കാരിക കൂട്ടായ്മ രൂപികരിക്കാന്‍ മാവേലിക്കരയില്‍ കൂടിയ ഞങ്ങളെ ആദ്യം ശശി എന്ന പോലീസ്  ഉദ്യോഗസ്ഥന്‍  വന്നു ചോദ്യം ചെയ്തു. ശേഷം മാവേലിക്കര പോലീസ്  വന്നു ഞങ്ങളെ കസ്റ്റഡിയില്‍  എടുത്തു  സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് 12 മണിക്കൂറിനും മുകളില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍. . 
അവിടത്തെ സീമ എന്നാ പോലീസ്കാരിയും ഒപ്പമുണ്ടായിരുന്ന യൂണിഫോം ധരിക്കാത്ത പോലീസുകാരനും ചോദ്യം ചെയ്തതില്‍ അധികവും ഇത്തരത്തിലുള്ളതായിരുന്നു . " ഇതിലെ ആരെങ്കിലും ആയും നീ സെക്സ് ചെയ്തിട്ടുണ്ടോ? മറ്റാരെങ്കിലും ആയി ചെയ്തിട്ടുണ്ടോ ? അവര്‍ നിന്നെ ചെയ്തിട്ടുണ്ടോ ? സ്വയം ചെയ്തിട്ടുണ്ടോ? കന്യാചര്‍മ്മം പോട്ടിയിട്ടുണ്ടോ? സ്വയം ചെയ്താലും മറ്റൊരാളുമായി ചെയ്താലും തിരിച്ചറിയാന്‍ കഴിയും.സത്യം പറഞ്ഞോ...  ഞങ്ങള്‍ നിന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും, ഇപ്പോള്‍ പറഞ്ഞത് നുണയായിരുന്നാല്‍ വൈദ്യ പരിശോധനയില്‍ എല്ലാം വ്യക്തമാകും. അതോടു കൂടി എല്ലാം നുണയായി മാറും .ഇവളെ കണ്ടാല്‍  അന്ന് നമ്മള്‍ അറസ്റ്റ് ചെയ്ത മറ്റേ കേസിലെ പെണ്‍കുട്ടിയുടെ രൂപമാണെന്ന് പരസ്പരം പറയുന്നുമുണ്ടായിരുന്നു. ഒപ്പം വനിതാ പോലിസ് എന്റെ മക്കളെ ഞാന്‍ നിന്നെ പോലെ ജീനസ്  ഇടീപ്പിക്കില്ല  എന്നും പറഞ്ഞു. ആ പോലീസുകാരന്‍ ഫേസ്ബുക്കിന്‍റെ  യുസര്‍ നേമും പാസ്സ്‌വേര്‍ഡ്‌ ഉം ചോദിച്ചു. പറയാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞു തന്നില്ലെങ്കില്‍ അടുത്തൊന്നും നീ പുറംലോകം കാണില്ല എന്നും പറഞ്ഞു. "
ഇത് എനിക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമായിരുന്നെങ്കില്‍ ഇത് എന്നെ ഇത്രമാത്രം അലട്ടില്ലായിരുന്നു. പോലീസ് കസ്റ്റഡിയില്‍ ആകുന്ന ഓരോ പെണ്ണും വരുന്നത് ഈ ചോദ്യങ്ങള്‍ ആണെന്ന സത്യം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഈ ചോദ്യങ്ങള്‍ പോലീസ്  എന്നോട് ചോദിക്കുമ്പോള്‍ 10 വയസ്സ് മാത്രം പ്രായമുള്ള എന്‍റെ  അനുജത്തിയും എന്നോടൊപ്പം ഉണ്ടായിരുന്നു. 
പോലീസ് എന്‍റെ  75 വയസ്സ് പ്രായമുള്ള ഉമ്മ ( അമ്മമ്മ ) യെ രാത്രി 2 മണിക്ക് വിളിച്ചു വരുത്തുകയും പിനീട് അവരെ ഒറ്റക്കു തിരിച്ചു വിടുകയും ചെയ്തു. 
പ്രായത്തിന്‍റെ  ആനുകൂല്യം നല്‍കി രാത്രി മഹിളാമന്ദിരത്തിലേക്ക് മാറ്റുകയും പിറ്റേന്ന് ബന്ധുവിന്‍റെ ഒപ്പം വൈകുന്നേരം 6 മണിക്ക് വിട്ടയക്കുകയും ചെയ്തു. കൂടെ അറസ്റ്റിലായവര്‍  പോലീസിന്‍റെ  മുദ്രകുത്തലില്‍പ്പെട്ടു നീതി നിഷേധിക്കപ്പെട്ടു ഇന്നും ഇപ്പോഴും തടവിലാണ്. 
മനുഷ്യന്‍റെ  മൗലിക അവകാശങ്ങളില്‍ ആര്‍ട്ടിക്കല്‍ 19 പ്രകാരം വ്യക്തികള്‍ക്ക് സംഘടിക്കാന്‍ അവകാശമുണ്ട്. അപ്പൊ ഞങ്ങള്‍ ഒത്തുചേര്‍ന്നത് എങ്ങനെയാണ് കുറ്റം ആകുന്നത് ? കൂടെയുള്ള ഒരാളുടെ പേര് മുസ്ലിം പെരായതിനാല്‍ അയാളുടെ മേലെ മുസ്ലിം ടെറിറിസ്റ്റ് എന്നാ പേരും പോലീസ്  ചാര്‍ത്തിയതായാണ് അറിവ്.
സ്റ്റേറ്റിന് എതിരെ ഏതെങ്കിലും തരം സമരം നടത്തുന്നവരെ മുസ്ലിം ഭീകരവാദികള്‍ ആയും മാവോയിസ്റ്റുകളായും ആക്കി മാറ്റുന്നത് തിരിച്ചറിയേണ്ടതും പ്രതിക്ഷേധിക്കേണ്ടതുമാണ്...  

Sunday 23 December 2012

പെണ്ണ്














മഴമേഘങ്ങള്‍ മണ്ണിനെ ചുംബിക്കുമ്പോള്‍
കാറ്റ് മരങ്ങളെ പുണരുമ്പോള്‍
ഉപ്പ് രുചിക്കുന്ന എന്റെ ചുണ്ടുകള്‍ അവളുടെ കാതില്‍
അവനെക്കുറിച്ച് പറഞ്ഞു -
എന്നില്‍നിന്നവന്‍ നിന്നിലേക്ക് .

വസന്തം വര്‍ഷമായി പിന്നെ ശിശിരമായി..
അക്ഷമനായി വാതില്‍ക്കല്‍ നില്‍ക്കവേ -
വെളുത്ത മാലാഖ മുന്നില്‍ വന്നു-
നിങ്ങള്‍ അച്ഛനായി പെണ്‍കുഞ്ഞ്.

സ്വപ്നം കണ്ടിരുന്നത് -
അവളെയായിരുന്നുവോ?
അല്ല അവനെയയിരുനു.
അവള്‍ ഉണരുംമുന്നേ അത് നടക്കണം.
എനിക്കുവേണ്ടത് അവനെയാണ് .


...................................
*ആമി രൂപ്‌ ഷൈന * © Ami Roop Shyna

തല്ലുകൊണ്ടവള്‍















അടുപ്പില്‍ അരി തിളയ്ക്കുമ്പോള്‍ 
താന്‍ പാതിയെന്നോതിയവനോട്
വിറകൊന്നുന്തിവക്കാന്‍ പറഞ്ഞതിന്
തല്ലുകൊണ്ടാവള്‍


ആദ്യനാളിലെ വേഴ്ച്ചയില്‍
തന്‍റെ രതിയെ പ്രകടമാക്കിയതിനു
മുന്‍ അനുഭവമാരോപിച്ചു
തല്ലുകൊണ്ടാവള്‍


ആര്‍ത്തവ നാളുകളില്‍
കാമത്തിനു അല്പനാള്‍
തടസ്സം നിന്നതിനും
തല്ലുകൊണ്ടവള്‍


ആശിച്ചു നൊന്തു പെറ്റതിനെ
തനിക്കു പ്രിയപ്പെട്ട
പെരിടട്ടെയെന്നു പറഞ്ഞതിനും
തല്ലുകൊണ്ടവള്‍

അടുപ്പിനു പുറത്ത് തനിക്കും
പണി ചെയ്യണമെന്നു പറഞ്ഞപ്പോള്‍
വീട്ടില്‍ കുഞ്ഞിനെ നോക്കിയിരിക്കേണ്ടവള്‍
എന്ന് മുദ്രകുത്തി
തല്ലുകൊണ്ടവള്‍


അവന്‍റെ മുന്‍ പ്രണയത്തിന്‍റെ
തമാശകള്‍ കേട്ട് തന്‍റെ മുന്‍
പ്രണയകഥ പറഞ്ഞതിനും
തല്ലുകൊണ്ടവള്‍


പാതി സംവരണം ചോദിച്ചതിനു
അടിക്കലയിലാണ് സംവരണമെന്നു ചൊല്ലി
തല്ലുകൊണ്ടവള്‍


...................................
*ആമി രൂപ്‌ ഷൈന * © Ami Roop Shyna

ലോകം അവസാനിച്ചിരുന്നെങ്കില്‍ ...















ഇന്നലെ ലോകം അവസാനിക്കില്ലെന്ന്  അറിയാമായിരുന്നു.

എങ്കിലും വെറുതെ ആഗ്രഹിച്ചു പോയി.

അവസനിചിരുന്നെങ്കില്‍.......-----............

ബസിലും, ട്രെയിനിലും സ്ത്രീകള്‍ ബലാല്‍സംഗം -

ചെയ്യപെടുമായിരുന്നില്ല.

പോലീസിനെ പേടിക്കാതെ ദണ്ടകാരുണ്യ യിലെ സ്ത്രീകള്‍

ഒരു രാത്രിയെങ്കിലും സമാധാനമായി ഉറങ്ങുമായിരുന്നു.

അവിടുള്ള പിഞ്ചോമനകളുടെ വിരലുകള്‍ -

ഇനിയുമവര്‍ക്ക് മുറിക്കാന്‍ ആവില്ലല്ലോ..

ആണവ റിയാക്ടറുകള്‍ പൊട്ടിയാലും -

വൈകല്യമുല്ല ഒരു തലമുറ ജനക്കില്ല.

എന്‍ഡോസല്‍ഫാന്റെ വിജയം -

ഒരുരത്രികൊണ്ട്  അവസാനിക്കുമായിരുന്നു.



...................................
*ആമി രൂപ്‌ ഷൈന * © Ami Roop Shyna